ധനകാര്യ സ്ഥിരം സമിതി
ആമുഖം
പഞ്ചായത്തിന്റെ ബഡ്ജറ്റ് തയ്യാറാക്കൽ, നികുതി പിരിവ്, വരവ്-ചെലവ് കണക്കുകൾ പരിശോധിക്കൽ എന്നിവയാണ് ധനകാര്യ സ്ഥിരം സമിതിയുടെ പ്രധാന ചുമതലകൾ. പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഈ സമിതിയുടെ ചെയർപേഴ്സൺ. തദ്ദേശ സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രതയും ഭരണനിർവ്വഹണവും ഉറപ്പുവരുത്തുന്നതിൽ ഈ സമിതി സുപ്രധാന പങ്കുവഹിക്കുന്നു.
പഞ്ചായത്ത് ഏതൊരു വിഷയത്തിലും അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ബന്ധപ്പെട്ട സ്ഥിരം സമിതികളിൽ വിശദമായി ചർച്ച ചെയ്ത് അംഗീകരിക്കേണ്ടതുണ്ട്. അതിനുശേഷമേ പൊതുയോഗത്തിലെ അജണ്ടയായി ഉൾപ്പെടുത്തുകയുള്ളൂ. പഞ്ചായത്ത് പാസാക്കുന്ന തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ചുമതലയും സമിതിക്കുണ്ട്.
കമ്മിറ്റി അംഗങ്ങൾ
| പദവി | പേര് | വാർഡ് വിവരങ്ങൾ |
|---|---|---|
| ചെയർപേഴ്സൺ | ശ്രീ. ചാക്കോ തൈക്കുന്നേൽ (വൈസ് പ്രസിഡന്റ്) | മെമ്പർ, വാർഡ് - 03 (കാളികയം) |
| അംഗം | ശ്രീമതി. ഷീബ തോമസ് | മെമ്പർ, വാർഡ് - 02 (അണുങ്ങോട്) |
| അംഗം | ശ്രീമതി. ബിന്ദു ജിമ്മി | മെമ്പർ, വാർഡ് - 10 (കാടന്മല) |
| അംഗം | ശ്രീ. രതീഷ് വി.സി | മെമ്പർ, വാർഡ് - 05 (വെള്ളൂന്നി) |
പരിഗണിക്കേണ്ട പ്രധാന വിഷയങ്ങൾ
സ്ഥിരം സമിതിയുടെ ഘടന
- ജനപ്രതിനിധികൾ: പ്രസിഡന്റും വൈസ് പ്രസിഡന്റും ഒഴികെയുള്ള എല്ലാ ജനപ്രതിനിധികളും കുറഞ്ഞത് ഒരു സ്ഥിരം സമിതിയിലെങ്കിലും അംഗമായിരിക്കണം.
- നിയന്ത്രണം: ഒരംഗത്തിന് ഒരേ സമയം ഒന്നിൽ കൂടുതൽ സ്ഥിരം സമിതികളിൽ അംഗമാകാൻ സാധിക്കില്ല.
- വനിതാ പ്രാതിനിധ്യം: ഓരോ സ്ഥിരം സമിതിയിലും കുറഞ്ഞത് ഒരു വനിതാ അംഗമെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം.
- ചെയർപേഴ്സൺ സ്ഥാനം: മറ്റ് സ്ഥിരം സമിതികളിലേക്ക് അംഗങ്ങളിൽ നിന്ന് ചെയർപേഴ്സണെ തിരഞ്ഞെടുക്കുമ്പോൾ, ധനകാര്യ സ്ഥിരം സമിതിയുടെ ചെയർപേഴ്സൺ വൈസ് പ്രസിഡന്റ് ആയിരിക്കും (സെക്ഷൻ 162(6)).
- എക്സ് ഒഫീഷ്യോ അംഗങ്ങൾ: പഞ്ചായത്ത് പ്രസിഡന്റ് എല്ലാ സമിതികളിലും വോട്ടവകാശമില്ലാത്ത എക്സ് ഒഫീഷ്യോ അംഗമാണ്. എന്നാൽ വൈസ് പ്രസിഡന്റ് ധനകാര്യ സ്ഥിരം സമിതിയുടെ വോട്ടവകാശമുള്ള എക്സ് ഒഫീഷ്യോ അംഗവും ചെയർപേഴ്സണുമായിരിക്കും.
യോഗങ്ങളുടെ നടത്തിപ്പ് (റൂൾസ്, 2000)
- ആവൃത്തി: കുറഞ്ഞത് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും യോഗം ചേരണം.
- സ്ഥലവും സമയവും: ചെയർപേഴ്സൺ നിശ്ചയിക്കുന്ന തീയതിയിലും സമയത്തും പഞ്ചായത്ത് ഓഫീസിൽ വെച്ച് യോഗം ചേരേണ്ടതാണ്.
- കോറം: യോഗത്തിനുള്ള ക്വാറം 3 ആണ് (വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം 4 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ കോറം 2 ആണ്).
- തീരുമാനങ്ങൾ: ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. സമനില വന്നാൽ അധ്യക്ഷന് കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്താം.
- തീരുമാനങ്ങൾ ഭേദഗതി ചെയ്യൽ: സമിതി എടുത്ത തീരുമാനം ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ ആകെ അംഗബലത്തിന്റെ പകുതിയിലധികം പേരുടെ പിന്തുണയോടെ 3 മാസത്തിനകം പ്രത്യേക യോഗം വിളിച്ച് പ്രമേയം പാസാക്കേണ്ടതുണ്ട്.
പ്രധാന കുറിപ്പ്
സ്ഥിരം സമിതികൾ സ്വതന്ത്ര സംവിധാനങ്ങളോ സ്വതന്ത്ര അധികാരമുള്ളവയോ അല്ല. പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ വിവിധ സമിതികൾക്കായി വിഭജിച്ച് നൽകിയിരിക്കുകയാണ്. സമിതികൾ അവയുടെ ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കുമ്പോൾ മാത്രമാണ് പ്രാദേശിക ഭരണ നിർവ്വഹണം ഫലപ്രദവും യുക്തിഭദ്രവും ശാസ്ത്രീയവുമാകുന്നത്.